Society Today
Breaking News

കൊച്ചി : കളമശ്ശേരി നിയോജകമണ്ഡലത്തില്‍ മന്ത്രി പി.രാജീവ് ,ഐ.എം.എ കൊച്ചിന്‍ ശാഖ, ബി.പി.സി.എല്‍ കൊച്ചി റിഫൈനറി എന്നിവരുമായി സഹകരിച്ച് നടത്തിയ ഒപ്പം മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്നും തിരഞ്ഞെടുത്ത 53 പേര്‍ക്ക് സൗജന്യമായി ശ്രവണസഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. എറണാകുളം ഐ.എം.എ ഹാളില്‍ നടന്ന വിതരണ ചടങ്ങ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

എറണാകുളം മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി രാജീവ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം സജ്ജമാകുന്നതോടെ ആളുകള്‍ക്ക് ക്യാമ്പുകള്‍ വരുന്നതുവരെ നോക്കിനില്‍ക്കേണ്ട കാര്യമില്ല. ക്യാന്‍സര്‍ സെന്ററില്‍ ഐ.പി വിഭാഗവും എല്ലാ വിധ സംവിധാനങ്ങളോടും കൂടി ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒപി പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണവും ആരംഭിക്കുകയാണ്. ഒപ്പം കാന്‍സറിന്റെ ബ്ലോക്കും വരികയാണ്. താഴെ തലങ്ങളിലെ ക്ലിനിക്കുകള്‍ ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഒപ്പം മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവരില്‍ നടത്തിയ പരിശോധനയില്‍ ശ്രവണസഹായ ഉപകരണം ആവശ്യമാണെന്ന് കണ്ട മുഴുവന്‍ ആളുകള്‍ക്കും ഉപകരണം സൗജന്യമായി വിതരണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. അടുത്തവര്‍ഷവും ക്യാമ്പ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഭവാനിയമ്മ,ബേബി ആലിയ എന്നിവര്‍  മന്ത്രി പി രാജീവില്‍ നിന്നും ചടങ്ങില്‍ ശ്രവണ സഹായ ഉപകരണം ഏറ്റുവാങ്ങി. ക്യാമ്പില്‍ പങ്കെടുത്ത കടുങ്ങല്ലൂര്‍ സ്വദേശികളായ ജിതിന്‍-കൃഷ്്ണപ്രിയ ദമ്പതികളുടെ ആറു മാസം പ്രായമുള്ള മകന്‍ ധ്രുവനാഥ് ജിതിന്റെ ഓപ്പറേഷനുളള ധനസഹായവും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. ഐ.എം.എ കൊച്ചിന്‍ പ്രസിഡന്റ് ഡോ.എസ്.ശ്രീനിവാസ കമ്മത്ത് അധ്യക്ഷത വഹിച്ചു. ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ.ജുനൈദ് റഹ്മാന്‍,ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, ആലങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, സ്വരൂപ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സുരേഷ്.ജെ പിള്ള, ബിപിസില്‍ പബ്ലിക് റിലേഷന്‍ ആന്റ്് സി.എസ്.ആര്‍ ചീഫ് മാനേജര്‍ വിനീത്.എം വര്‍ഗ്ഗീസ്, ഐ.എം.എ കൊച്ചിന്‍ പ്രസിഡന്റ് ഇലക്ട് ഡോ.എം.എം ഹനീഷ്, ഐ.എം.എ കൊച്ചിന്‍ വൈസ് പ്രസിഡന്റ് ഡോ.അതുല്‍ മാനുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Top